കോട്ടയം ജില്ലയിൽ അതിശക്തമായ മഴ; ഉരുൾപൊട്ടലിൽ ഏഴ് വീടുകൾക്ക് കേടുപാടുകൾ, വൻ കൃഷിനാശം
ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. ഏഴ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. വലിയ രീതിയിലുള്ള കൃഷിനാശം മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാവിലെ മുതൽ കോട്ടയത്തെ മലയോര മേഖലകളിലും പൂഞ്ഞാർ ഉൾപ്പെടെയുള്ളിടങ്ങളിലും ശക്തമായ മഴയായിരുന്നു. മീനച്ചിൽ താലൂക്കിലെ മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായി. തലനാടും ഉരുൾപൊട്ടൽ ഉണ്ടായതായാണ് വിവരം. വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. മേലുകാവ്, മൂന്നിലവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, തലനാട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലെല്ലാം മഴ ശക്തമായിരുന്നു. ഇതോടെ മീനച്ചിലാറ്റിലേയ്ക്കുള്ള കൈവഴികൾ ഉച്ചയോടെ നിറഞ്ഞു.
തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. നരിമറ്റം ചോവൂർ ഇലവുമ്പാറ റോഡ് തകർന്നു. പിണക്കാട്ട് കുട്ടിച്ചന്റെ ആടുകൾ മണ്ണിടിച്ചിലിൽപ്പെട്ടു. ഒരു ആടിനെ ചത്ത നിലയിൽ കണ്ടെത്തി. കല്ലേപുരയ്ക്കൽ ജോമോൻ, ജോർജ് പീറ്റർ, മൂത്തനാനിക്കൽ മനോജ് എന്നിവരുടെ പുരയിടത്തിലും വ്യാപക കൃഷി നാശം ഉണ്ടായി. തീക്കോയി പഞ്ചായത്തിലെ കല്ലത്ത് മണ്ണിടിച്ചിലുണ്ടായി.
വാഗമൺ റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. റോഡിന് മുകളിലെ പുരയിടത്തിൽനിന്ന് കല്ലും മണ്ണും വൻതോതിൽ റോഡിലേയ്‌ക്കെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
മാർമല അരുവിയിൽ അതിശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അരുവിയുടെ ഭാഗത്തേയ്ക്ക് പോകാൻപോലും സാധിക്കാത്ത തരത്തിൽ വെള്ളച്ചാട്ടമായി മാറിയിട്ടുണ്ട്. ഇവിടേയ്ക്കുള്ള പ്രവേശനം പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്. പാതാമ്പുഴയിലെ അരുവിക്കച്ചാൽ വെള്ളച്ചാട്ടവും ശക്തിപ്രാപിച്ചു. ഇവിടേയ്ക്കുള്ള വഴിയിലെ പാലത്തിൽ വെള്ളംകയറി. മൂന്നിലവ് രണ്ടാറ്റുമുന്നിയിലും വാകക്കാട്, മൂന്നിലവ് എന്നിവടങ്ങളിലും റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. പാലാ ഈരാറ്റുപേട്ട റോഡിൽ പനയ്ക്കപ്പാലം, അമ്പാറ അമ്പലം എന്നിടങ്ങളിൽ റോഡിൽ വെള്ളംകയറി
Related Posts
Fetching related posts...